Breaking
12 Feb 2026, Thu

‘വിളി റോബോ ടാക്സി’, നഗരം ചുറ്റിയടിച്ച് നിവാസികളും സന്ദർശകരും; അബുദാബിയിൽ ചീറിപ്പാഞ്ഞ് 120 റോബോ ടാക്സികൾ

അബുദാബി ∙ ഭാവിയിൽ ലോകം കീഴടക്കാനിരിക്കുന്ന സ്വയം നിയന്ത്രിത ഡ്രൈവറില്ലാ വാഹനത്തിൽ ഇപ്പോൾ തന്നെ കയറി നഗരം ചുറ്റിയടിക്കുകയാണ് അബുദാബി നിവാസികളും സന്ദർശകരും. സാങ്കേതികവിദ്യയുടെയും ആധുനികതയുടെയും പാതയിൽ കുതിക്കുന്ന അബുദാബി നഗരത്തിൽ ചീറിപ്പായുന്നത് ഒന്നും രണ്ടുമല്ല,120 ഓട്ടോണമസ് (റോബോ ടാക്സി) വാഹനങ്ങളാണ്.

‘ഇത് ദാസന് മൂന്ന് വർഷം മുൻപേ തോന്നിയ ബുദ്ധി’: രണ്ടര കോടിയിലധികം രൂപയുടെ ഭാഗ്യം ഖത്തറിലെ മലയാളി സുഹൃത്തുക്കൾക്ക്

വികാരഭരിതയായി കുവൈത്തി നടി; നാടുകടത്തി ദുബായ്, വിമാനത്തിനുള്ളിൽ വച്ച് വിവരം പങ്കുവച്ച് താരം

2040 ആകുമ്പോഴേക്കും അബുദാബിയിലെ മൊത്തം യാത്രകളുടെ 25% സ്മാർട്ട് വാഹനങ്ങളിലാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യം.വാഹനത്തിൽ ഡ്രൈവറോ സാങ്കേതിക വിദഗ്ധരോ ഉണ്ടാകില്ല.

യാത്രക്കാർ ബുക്ക് ചെയ്തതനുസരിച്ചു നിശ്ചിത സ്ഥലത്തെത്തുന്ന ടാക്സിയിൽ ആൾ കയറിയാൽ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കും. നൂതന ക്യാമറകളും സെൻസറുകളും ഉപയോഗിച്ചു മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി കൂട്ടിയിടിക്കാതെ വേഗം നിയന്ത്രിച്ചു മുന്നോട്ടുപോകും. റോഡിൽ എന്തെങ്കിലും മാർഗ തടസ്സങ്ങൾ ഉണ്ടെങ്കിൽ അതു മനസ്സിലാക്കി സ്വയം തീരുമാനമെടുത്തു വഴി മാറി സഞ്ചരിക്കാനും കഴിയും.

റോബോ ടാക്സിയിൽ നഗരം ചുറ്റി അബുദാബി നിവാസികളും സന്ദർശകരും

വാഹനം എത്തിയാൽ
വാഹനത്തിന്റെ പിൻസീറ്റിനടുത്തുള്ള ജനലിലെ ടച്ച് സ്ക്രീനിൽ നിങ്ങളുടെ പേര് കാണുന്നിടത്തു ഫോൺ നമ്പറിലെ അവസാന 4 അക്കങ്ങൾ ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ ഡോർ തുറന്നു വാഹനത്തിൽ കയറാം.

യാത്രയ്ക്ക് മുൻപ്
ടാക്സിയിൽ കയറിയ ഉടൻ സീറ്റ് ബെൽറ്റ് ധരിക്കണം. ശേഷം സ്ക്രീനിൽ കാണുന്ന സ്റ്റാർട്ട് ട്രിപ് (Start Trip) എന്നെഴുതിയിടത്തു ടച്ച് ചെയ്താൽ മതി. ബാക്കിയെല്ലാം റോബോ നോക്കിക്കൊള്ളും. ഡ്രൈവറില്ലാത്ത വണ്ടിയുടെ സ്റ്റിയറിങ് താനേ കറങ്ങുന്നതു കണ്ടു പേടിക്കണ്ട, റോഡിലെ സാഹചര്യമനുസരിച്ചു വാഹനം തനിയെ ഡ്രൈവ് ചെയ്തു പോകുന്നതാണ്.

ഇറങ്ങാനായോ?
ലക്ഷ്യസ്ഥാനത്ത് എത്തിയാൽ വാഹനം സുരക്ഷിതമായി നിർത്തും. ഇറങ്ങേണ്ട സ്ഥലം എത്തിയെന്നു സ്‌ക്രീനിൽ തെളിയും. അല്ലെങ്കിൽ ശബ്ദ സന്ദേശമുണ്ടാകും. ഇതോടെ സാധാരണ പോലെ ഡോർ തുറന്നോ സ്ക്രീനിൽ കാണുന്ന എക്സിറ്റിൽ പ്രസ് ചെയ്തോ പുറത്തിറങ്ങാം. യാത്രാ ദൈർഘ്യം കണക്കാക്കി നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൽ നിന്നോ ആപ്പിൾ പേ, ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നോ സ്വമേധയാ പണം ഈടാക്കിയ അറിയിപ്പു സന്ദേശമായി ലഭിക്കും.

രാവിലെ 10 മുതൽ
​മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക മേഖലയിൽ റോബോ ടാക്സി സേവനം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യ നഗരമാണ് അബുദാബി. വി-റൈഡ്, ഊബർ കമ്പനികളാണു സർവീസ് നടത്തിവരുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും സേവനം. 2024 ഡിസംബറിലാണു വീറൈഡും ഊബറും ചേർന്ന് അബുദാബിയിൽ പരീക്ഷണയോട്ടം തുടങ്ങിയത്. 2025 ജൂലൈയിൽ അൽറീം ഐലൻഡിലേക്കും അൽമരിയ ഐലൻഡിലേക്കും സേവനം ആരംഭിച്ചിരുന്നു.

∙ എവിടെയെല്ലാം!

യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽറീം ഐലൻഡ്, അൽ മരിയ ഐലൻഡ്, ഖലീഫ സിറ്റി, മസ്ദാർ സിറ്റി, റബ്ദാൻ തുടങ്ങി അബുദാബി നഗരത്തിന്റെ ഏകദേശം പകുതിയോളം ഭാഗങ്ങളിൽ റോബോ ടാക്സി സേവനം ലഭിക്കും. ഊബർ, ടക്സൈ (Uber/TXAI) എന്നീ ആപ്പുകൾ വഴി ഈ വാഹനങ്ങൾ ബുക്ക് ചെയ്യാം.

ADVERTISEMENT

∙ സെറ്റാണ്, സുരക്ഷ

സെൻസറുകളും ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ എത്തുന്ന റോബോ ടാക്സിയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാം. ആദ്യമായി യാത്ര ചെയ്യുകയാണെങ്കിലും പേടിക്കേണ്ട, സുരക്ഷിതമാണ്. യാത്ര അടിപൊളിയാക്കാൻ താഴെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയാൽ മതി.

ബുക്കിങ് എങ്ങനെ?

ഫ്യൂച്ചറിസ്റ്റിക് നഗര യാത്രയ്ക്ക് ആപ് ഇൻസ്റ്റാൾ ചെയ്യണം.

Uber/TXAI ആപ് ഫോണിൽ ഡൗൺലോഡ് ചെയ്യാം.

യാത്രക്കാരനെ കയറ്റേണ്ട സ്ഥലവും ഇറക്കേണ്ട സ്ഥലവും ആപ്പിൽ സെലക്ട് ചെയ്യാം.

നിമിഷ നേരം കൊണ്ട് ടാക്സി വിളിപ്പുറത്തെത്തും.

പേയ്മെന്റ്/വോലറ്റ് എന്ന ഓപ്ഷനിൽ ബാങ്ക് കാർഡ് വിവരങ്ങൾക്കൂടി നൽകിയാൽ

ടാക്സിക്കൂലി സ്വമേധയാ ഈടാക്കും.

∙ ശ്രദ്ധിക്കാം ഇവ

റോബോ ടാക്സിയിൽ ഡ്രൈവിങ് സീറ്റ് ഒഴിഞ്ഞു കിടക്കും. ഓടിക്കയറി അവിടെ ഇരിക്കാനോ സ്റ്റിയറിങ്ങിൽ തൊടാനോ പാടില്ല. ബുക്ക് ചെയ്യുമ്പോൾ പറഞ്ഞതിനെക്കാൾ കൂടുതൽ ആളുകൾ കയറരുത്. വണ്ടിയോടു സംസാരിക്കണ്ട. ആപ്പിലെ ലൊക്കേഷൻ അനുസരിച്ചു കൃത്യമായ പാതയിലൂടെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്ത് എത്തിക്കും. യാത്രയ്ക്കിടയിൽ ഇറങ്ങേണ്ട സ്ഥലം മാറ്റണമെങ്കിൽ ആപ്പിൽ ഉടൻ അപ്‌ഡേറ്റ് ചെയ്യാം. പുതിയ റൂട്ട് കണക്കാക്കി റോബോ സ്വമേധയാ സഞ്ചാരപാത മാറ്റി യാത്ര തുടരും. വാഹനത്തിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ടാക്സിക്കൂലി പണമായി നൽകാനാകില്ല. പണമിടപാട് ആപ് വഴി മാത്രം. ബുക്ക് ചെയ്ത ശേഷം യാത്ര റദ്ദാക്കിയാൽ ചെറിയൊരു കാൻസലേഷൻ തുക ഈടാക്കും.

ADVERTISEMENT

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് WeRide_ai എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *