തൊടുപുഴ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ – 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന് സമാനമായ സാങ്കേതികവിദ്യകള്‍ സ്കൂള്‍ കുട്ടികള്‍ക്കും സ്വായത്തമാക്കാന്‍ അവസരമൊരുക്കി ലിറ്റില്‍ കൈറ്റ്സ്. ഇതിന്റെ ഭാഗമായുള്ള ജില്ലാ സഹവാസ ക്യാമ്പ് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി.
ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 124 സ്കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി നിര്‍വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികള്‍ക്കാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പ്രോഗ്രാമിനു പുറമേ ത്രിമാന അനിമേഷന്‍ മേഖലയിലും വിദഗ്ധ പരിശീലനം നല്‍കുന്നത്.
കുട്ടികളെ വെറും ഡിജിറ്റല്‍ ഉപഭോക്താക്കളായല്ല, മറിച്ച് സാങ്കേതികവിദ്യ രൂപകല്പന ചെയ്യുന്ന ഡിജിറ്റല്‍ ആര്ക്കിടെക്ടുകളായാണ് സര്‍ക്കാര്‍ വളര്‍ത്തുന്നതെന്ന് കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. പത്താം ക്ലാസിലെ ഐടി പാഠ്യപദ്ധതിയില്‍ നിലവില്‍ റോബോട്ടിക്സ് വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലൂടെ ഇപ്പോള്‍ നല്കുന്ന അഡ്വാന്‍സ്ഡ് റോബോട്ടിക്സ്, ഐഒടി പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് വരുംവര്‍ഷങ്ങളില്‍ ഇത് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പൊതു പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒയും നാസയും ബഹിരാകാശ ദൗത്യങ്ങളില്‍ റോവറുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിംഗ് സെഷനുകളുടെ അടിസ്ഥാനം.
കുറഞ്ഞ ബാന്‍ഡ്വിഡ്ത്തിലും ഐഒടി ഉപകരണങ്ങള്‍ തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഉപകരണങ്ങള്‍ തയാറാക്കുന്നത്.
ഗ്രഹങ്ങള്‍, ഖനികള്‍, കുഴല്‍ക്കിണറുകള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് നേരിട്ടെത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവര്‍ ഉപകരണങ്ങളുടെ സാങ്കേതികവിദ്യയാണ് കുട്ടികള്‍ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്.
സ്കൂളുകളിലേക്ക് വിതരണം ചെയ്ത പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ അത്യാധുനിക സവിശേഷതകളുള്ളതാണ്. ഐഒടി സംവിധാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇഎസ്പി 32 ഡെവലപ്മെന്റ് ബോര്‍ഡ് എന്നിവയാണ് ഇതിലെ പ്രധാന ഘടകം. ഇതിനുപുറമേ അള്‍ട്രാസോണിക് ഡിസ്റ്റന്‍സ്, സോയില്‍ മോയിസ്ചര്‍, പിഐആര് മോഷന്‍, ലൈന്‍ ട്രാക്കിംഗ് തുടങ്ങിയ സെന്‍സറുകളും, നാല് ഡബ്ല്യുഡി സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, സബ്മെഴ്സിബിള്‍ മിനി വാട്ടര്‍ പമ്പ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ട് ഇറിഗേഷന്‍ സംവിധാനങ്ങള്‍, കാഴ്ച പരിമിതര്‍ക്കുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍, സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ പ്രോജക്ടുകള്‍ കുട്ടികള്‍ക്ക് തനിയെ നിര്‍മിക്കാനാകും.
പ്രോജക്ടുകള്‍ തയാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിംഗ്, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിംഗ് ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ജില്ലാ ക്യാമ്പ് ഇന്നു സമാപിക്കും.
nattu vishesham Little Kites Rover Technology

