ആർഎക്സ് 100 യമഹ വീണ്ടും കൊണ്ടുവരുന്നു എന്ന വാർത്ത പലരും ആവേശത്തോടെയാണ് വായിച്ചത്. പ്രത്യേകിച്ച് വിന്റേജ് ബൈക്ക് ഫാൻസ്. അതിന് ഒരു ശതമാനംപോലും സാധ്യത ഇല്ലാഞ്ഞിട്ടും വീണ്ടും അതേ വാർത്ത വരുമ്പോൾ ഇനിയെങ്ങാനും വന്നാലോ എന്ന് ആഗ്രഹിക്കാത്തവരും ഇല്ല. ആർഎക്സ് 100, ആർഡി 350 മോഡലുകൾ യുവത്വത്തിന്റെ ഇടയിൽ നേടിയ സ്ഥാനം അത്രമാത്രമായിരുന്നു എന്നതാണ് ഇതു വെളിവാക്കുന്നത്. എക്സ്എസ്ആർ 155 എന്ന മോഡലിനെ യമഹ കൊണ്ടുവന്നതും ആ ആരാധകവൃന്ദത്തെ കണ്ടുകൊണ്ടാണ്. ആർഎക്സിന്റെയും ആർഡിയുടെയും ലെഗസി പിന്തുടർന്നാണ് റെട്രോ മോഡേൺ ഡിസൈനുമായി എക്സ് എസ്ആർ എത്തുന്നത്. വിപണിയിൽ ക്ലച്ച് പിടിക്കുമോ? നോക്കാം.
ഫോട്ടോ– അഖിൽ അപ്പുക്കുട്ടൻ
2016ൽ ആണ് യമഹ റെട്രോ സ്പോർട് എന്ന വിഭാഗത്തിൽ എക്സ്എസ്ആർ 700, എക്സ്എസ്ആർ 900 മോഡലുകൾ രാജ്യാന്തര വിപണിയിലെത്തിക്കുന്നത്. ഓൺ–കോ–ചി–ഷിൻ എന്ന ജാപ്പനീസ് കോൺസെപ്റ്റിൽനിന്നാണ് ഈ ഡിസൈനിന്റെ പിറവി. ഭൂതകാലത്തിൽനിന്നു പാഠമുൾക്കൊള്ളുക എന്നതാണ് ഇതിന്റെ അർഥം. ആ ചിന്തയുടെ മറപറ്റിയാണ് എക്സ്എസ്ആർ മോഡലുകളുടെ പിറവി. നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം ക്ലാസിക് ഡിസൈനും സമന്വയിക്കുന്നതാണ് മോഡലുകൾ. എക്സ്എസ്ആർ നിരയിലെ വലുപ്പം കുറഞ്ഞ മോഡലുകളാണ് എക്സ്എസ്ആർ 125, എക്സ്എസ്ആർ 155 മോഡലുകൾ.
ADVERTISEMENT
എംടി15, ആർ15 എന്നീ മോഡലുകളെ അടിസ്ഥാനമാക്കിയാണ് എക്സ്എസ്ആർ 155നെ രൂപപ്പെടുത്തിയിരിക്കുന്നത്. വട്ടത്തിലുള്ള ക്ലാസിക് ഹെഡ്‌ലാംപ്, ടിയർ ഡ്രോപ് ഫ്യൂവൽ ടാങ്ക്, റിബ്ഡ് സീറ്റ്, സിംഗിൾ പോഡ് മീറ്റർ കൺസോളും ടെയിൽ ലാംപുകളും എന്നിങ്ങനെ ക്ലാസിക് ടച്ചുള്ള ഘടകങ്ങൾ ഒട്ടേറെയുണ്ട്. ടാങ്കിലെ ത്രീഡി ലോഗോയും സബ്ഫ്രേമിലെ മെറ്റൽ ഗാർണിഷും അലുമിനിയം ഹെഡ്‌ലാംപ് ക്ലാമ്പും ക്ലാസ് ലുക്കാണു നൽകുന്നത്. വലുപ്പക്കുറവാണ് ഒരു ഹൈലൈറ്റ്. 137 കിഗ്രാം മാത്രമേയുള്ളൂ ഭാരം. 10 ലീറ്ററാണ് ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. പരന്ന ഹാൻഡിൽ ബാർ. ചെറിയ മിററുകൾ. സ്വിച്ചുകളുടെ നിലവാരം തരക്കേടില്ല. ഹോണിന്റെ സ്വിച്ച് നൽകുന്നിടത്താണ് ഇതിൽ ഇൻഡിക്കേറ്റർ സ്വിച്ച്. അത് അൽപം അസൗകര്യമായി തോന്നി. ക്ലാസിക് ലുക്കുള്ള സീറ്റും െടയിൽ സെക്‌ഷനും എല്ലാം എക്സ്എസ്ആറിനെ റെട്രോ സ്റ്റാറാക്കുന്നു.
ഫോട്ടോ– അഖിൽ അപ്പുക്കുട്ടൻ
155 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എസ്ഒഎച്ച്സി എൻജിനാണ്. 10000 ആർപിഎമ്മിൽ 18.4 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 7500 ആർപിഎമ്മിൽ 14.2 എൻഎമ്മും. 6 സ്പീഡ് ട്രാൻസ്മിഷനാണ്. ആർ15ൽനിന്നുള്ള എൻജിനാണിത്. റിഫൈൻഡ് ആയ ഈ എൻജിനാണ് എക്സ്എസ്ആറിന്റെ ഹൈലൈറ്റുകളിലൊന്ന്. സിറ്റി റൈഡിലും അതുപോലെ ഒാപ്പൺ റോഡലും മികച്ച റെസ്പോൺസാണ് ഈ എൻജിൻ നൽകുന്നത്. മൂന്നക്ക വേഗത്തിലേക്ക് അനായാസം കയറും. ഈ വേഗത്തിലും സ്മൂത്താണ് എൻജിൻ. വൈബ്രേഷനൊന്നും അറിയാനില്ല.
ADVERTISEMENT
റിബ്ഡ് ടൈപ് സിംഗിൾ സീറ്റാണ്. കംഫർട്ടായി ഇരിക്കാം. അൽപം പിന്നോട്ടിറങ്ങിയാണ് ഫുട്പെഗ്ഗിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ സ്പോർട്ടി റൈഡിങ് പൊസിഷനാണ്. 810 എംഎം ഉയരമുണ്ട് സീറ്റിന്. പിൻ യാത്രികർക്കു പിടിച്ചിരിക്കാനായി ഗ്രാബ് റെയിലില്ല. കാഴ്ചയിൽ ഗ്രാബ് റെയിൽ ഇല്ലാത്തത് നല്ലതെങ്കിലും പിറകിൽ ആളെയിരുത്തി. റൈഡ് ചെയ്യുന്നുണ്ടെങ്കിൽ അൽപം ജാഗ്രത കൂടുതൽ വേണമെന്നു മാത്രം.
ഫോട്ടോ– അഖിൽ അപ്പുക്കുട്ടൻ
എംടി 15ൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്റ്റീൽ പെരിമീറ്റർ ഫ്രേമും അലുമിനിയം സ്വിങ് ആമുമാണ് ഇതിലും. മുന്നിൽ യുഎസ്ഡി ഫോർക്കും പിന്നിൽ മോണോ ഷോക്ക് സസ്പെൻഷനുമാണ്. മോശമല്ലാത്ത യാത്രാസുഖം നൽകുന്ന സസ്പെൻഷൻ സെറ്റപ്പാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ്. ഡ്യുവൽ ചാനൽ എബിഎസും ട്രാക്‌ഷൻ കൺട്രോളുമുണ്ട്.
ADVERTISEMENT
ക്ലാസിക് ലുക്കുള്ള നൂതന ഫീച്ചേഴ്സുള്ള കുറഞ്ഞ വിലയുള്ള ഒരു ബൈക്ക് നോക്കുന്നവർക്ക് ഇണങ്ങും എക്സ്എസ്ആർ. മികച്ച എൻജിനും റൈഡ് ക്വാളിറ്റിയും മേന്മകൾ.

