Breaking
29 Apr 2025, Tue

മോര്‍ഫ് ചെയ്ത ചിത്രം കാണിച്ച് തട്ടിപ്പുകാരുടെ ഭീഷണി- വയോധികന് നഷ്ടമായത് 6.5 ലക്ഷം രൂപ 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇക്കാലത്തിനിടെ സൈബര്‍ കുറ്റവാളികള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി അവലംബിക്കുന്ന രീതികളും മാറിയിട്ടുണ്ട്. നിരന്തരം പുതിയ വിദ്യകള്‍ പ്രയോഗിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനാവാതെ ആളുകള്‍ കെണിയിലാവുന്നു. പലര്‍ക്കും വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. പശ്ചിമബംഗാളില്‍ നടന്ന ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരനായ മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിപ്പുകാരന്‍ തട്ടിയത് 6.6 ലക്ഷം രൂപയാണ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചാണ് ഈ കേസില്‍ പണം തട്ടിയത്.

പശ്ചിമബംഗാളിലെ സൗത്ത് ദിനജ്പുര്‍ സ്വദേശിയാണ് ഇര. ഒരുമാസം മുമ്പാണ് തട്ടിപ്പ് ആരംഭിച്ചത്. അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഇരയുടെ ഫോണില്‍ ഒരു വീഡിയോകോള്‍ വന്നു. ഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ ഒരു യുവതിയായിരുന്നു മറുവശത്ത്. ഈ ഫോണ്‍ കോളില്‍ നിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഈ ഫോണ്‍ വിളി എങ്ങനെയാണ് മുന്നോട്ട് പോയത് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു വീഡിയോ കോള്‍ കൂടി ഫോണില്‍ വന്നു. ഇരയുടെ ചിത്രവും ഒരു യുവതിയുടെ ചിത്രവും കൂട്ടിച്ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം അവര്‍ ഇരയെ കാണിച്ചു.

ചിത്രം കണ്ട് ഭയന്ന വയോധികനെ പണം ചോദിച്ച് ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അപമാനഭയത്താല്‍ ഇര ആദ്യം പണം നല്‍കാന്‍ സമ്മതിച്ചെങ്കിലും പിന്നീട് മടിച്ചു. അത് തിരിച്ചറിഞ്ഞ തട്ടിപ്പുകാര്‍ വയോധികനെ കൂടുതല്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

പണം നല്‍കാന്‍ തയ്യാറാകാതിരുന്ന വയോധികനെ തട്ടിപ്പുകാര്‍ വീണ്ടും വിളിച്ചു. പോലീസുകാരാണെന്ന് പറഞ്ഞാണ് വീണ്ടും ബന്ധപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞു. ആശുപത്രി ചിലവിന് പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതില്‍ ഇര വീണു. ആറര ലക്ഷത്തോളം അയച്ചുകൊടുത്തു. തട്ടിപ്പുകാര്‍ അവിടെയും നിര്‍ത്തിയില്ല. കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

പിന്നീടാണ് വയോധികന് സംശയം തോന്നിത്തുടങ്ങിയത്. അയാള്‍ വിവരം ഭാര്യയോട് പറഞ്ഞു. ഭാര്യയാണ് ഇത് തട്ടിപ്പാണെന്ന് മനസിലാക്കി പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്.

ജാഗ്രത

പണം തട്ടാന്‍ തട്ടിപ്പുകാര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് വ്യാജ ഫോണ്‍ കോള്‍. ഓണ്‍ലൈനിലും മറ്റും ലഭ്യമായ ഡാറ്റാബേസ് കൈക്കലാക്കി നിരവധിയാളുകളെ തട്ടിപ്പിനായി ഇവര്‍ ഫോണില്‍ ബന്ധപ്പെടും. അതില്‍ തട്ടിപ്പ് തിരിച്ചറിയാത്ത ചിലര്‍ കെണിയിലാവും.

ഫോണ്‍ വിളി മാത്രമല്ല, എസ്എംഎസ്, വാട്‌സാപ്പ്, ടെലഗ്രാം എന്നിവയിലൂടെയെല്ലാം തട്ടിപ്പുകാര്‍ ഇരകളെ ബന്ധപ്പെടാറുണ്ട്.

ഇരയുടെ പേരില്‍ വന്ന കൊറിയറില്‍ നിരോധിത മയക്കുമരുന്നാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ അറസ്റ്റിന് ശ്രമിക്കും. പോലീസായും ജഡ്ജിയായും ഇഡി ആയും സിബിഐ ആയുമെല്ലാം പല വേഷത്തില്‍ അവര്‍ ഇരകളെ തെറ്റിദ്ധരിപ്പിക്കും. ഒടുവില്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്തും. ഈ ശ്രമങ്ങളില്‍ ചിലര്‍ വീഴുകയും ചെയ്യും.

അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍വിളികള്‍ ജാഗ്രതയോടെ മാത്രം അറ്റന്റ് ചെയ്യുക. നിങ്ങളെ ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുക, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫോണ്‍ കോളില്‍ ചോദിക്കുക, പണം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് പറയുക എന്നിവയെല്ലാം തട്ടിപ്പ് ഫോണ്‍ വിളികളുടെ ലക്ഷണമാണ്.

Content retrieved from: https://www.mathrubhumi.com/technology/news/online-fraud-morphing-image-scams-1.10374197.

By admin

Leave a Reply

Your email address will not be published. Required fields are marked *