Breaking
29 Apr 2025, Tue

ബഹിരാകാശ ദൗത്യത്തിനിടെ പവര്‍ കട്ട്, കമാന്റില്ലാതെ പേടകം ഭ്രമണപഥത്തില്‍, സംഭവം മറച്ചുവെച്ച് SpaceX

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്നായിരുന്നു സ്‌പേസ് എക്‌സിന്റെ പോളാരിസ് ഡോണ്‍ ദൗത്യം, സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കല്ലാതെ സാധാരണ വ്യക്തികള്‍ക്ക് ബഹിരാകാശം അപ്രാപ്യമായ കാര്യമല്ലെന്ന് തെളിയിച്ച ഈ ദൗത്യം പക്ഷെ വെല്ലുവിളികള്‍ നിറഞ്ഞത് തന്നെ ആയിരുന്നു.

ഭൂമിയില്‍ നിന്ന് 1400 കിമീ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) സാധ്യമാക്കുക ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളായിരുന്നു ഈ ദൗത്യത്തിന്. എന്നാല്‍ ഈ ദൗത്യത്തിനിടെ കാലിഫോര്‍ണിയയിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍ വൈദ്യുതി തടസപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് പൊളാരിസ് ഡോണ്‍ ദൗത്യം നിയന്ത്രിച്ചിരുന്ന ഗ്രൗണ്ട് കണ്‍ട്രോളും പേടകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും ഈ ദൗത്യവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024 സെപ്റ്റംബര്‍ പത്തിനാണ് അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള പൊളാരിസ് ഡോണ്‍ എന്ന ബഹിരാകാശ യാത്രാ ദൗത്യം സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസാക്മാന് വേണ്ടിയാണ് സ്‌പേസ് എക്‌സ് ഈ ദൗത്യം സംഘടിപ്പിച്ചത്. ജാരെഡ് ഐസാക്മാനൊപ്പം സ്‌കോട്ട് പൊട്ടീറ്റ്, സാറാ ഗില്ലിസ്, അന്ന മെനോന്‍ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ദൗത്യലക്ഷ്യങ്ങളിലൊന്നായ ബഹിരാകാശ നടത്തവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചു.

ഈ ദൗത്യത്തിനിടെ സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍ വൈദ്യുതി തടസമുണ്ടായ സംഭവം അന്ന് പുറത്തറിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഡ്രാഗണ്‍ പേടകത്തിലുള്ളവര്‍ക്ക് ആവശ്യമായ കമാന്റുകള്‍ നല്‍കാന്‍ കണ്‍ട്രോള്‍ സെന്ററിന് സാധിച്ചില്ല. എങ്കിലും ഈ സമയം മുഴുവന്‍ സഞ്ചാരികള്‍ പേടകത്തില്‍ സുരക്ഷിതരായിരുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ സഹായത്തോടെ അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ സാധിച്ചിരുന്നത് ഉപകാരമായി.

അതേസമയം മിഷന്‍ കണ്‍ട്രോള്‍ സെന്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ദൗത്യത്തിനിടെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ ഭൂമിയിലെ മിഷന്‍ കണ്‍ട്രോളുമായി ബന്ധം നിലനിര്‍ത്തുന്നത് ഉപകരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഈ സംഭവുമായി ബന്ധപ്പെട്ട് സ്‌പേസ് എക്‌സ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെ ഉണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ മറച്ചുവെച്ചേക്കാമെന്ന ആശങ്ക ഉയരുകയാണ്. ഇലോണ്‍ മസ്‌ക്, ജാരെഡ് ഐസാക്മാന്‍ എന്നിവരെ പോലുള്ളവര്‍ യുഎസ് ഭരണകൂടത്തിന്റെ ഭാഗമാകാനിരിക്കെ ഇത്തരം വിഷയങ്ങളില്‍ നാസയുള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണാധികാരണങ്ങളുടെ ശക്തി ചോരുമോ എന്ന സംശവും ഉയരുന്നുണ്ട്. നാസയുടെ നേതൃത്വത്തിലേക്കാണ് ജാരെഡ് ഐസാക്മാന്‍ വരുന്നത്, സര്‍ക്കാരിന്റെ ഉപദേശക വിഭാഗത്തിന്റെ നേതൃത്വത്തിലേക്കാണ് ഇലോണ്‍ മസ്‌ക് എത്തുക. ഇതുവഴി സ്പേസ് എക്സിനേയും മറ്റ് സ്വകാര്യ ബഹിരാകാശ കമ്പനികളേയും നിയന്ത്രിക്കുന്ന ഏജന്‍സികളുടെ മേല്‍ ഇരുവര്‍ക്കും കാര്യമായ സ്വാധീനം ചെലുത്താനാകും.

Content retrieved from: https://www.mathrubhumi.com/technology/news/spacex-polaris-dawn-mission-power-failure-1.10179047.

By admin

Leave a Reply

Your email address will not be published. Required fields are marked *