ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്.എ.എൽ) ഓഹരികൾ നാലര ശതമാനത്തോളം ഇടിഞ്ഞു. കമ്പനി നിർമിക്കുന്ന തേജസ് യുദ്ധവിമാനം ഫെബ്രുവരി ഏഴിന് നടന്ന പരിശീലന പറക്കലിനിടെ റൺവേയിൽ നിന്ന് തെന്നി മാറിയെന്ന വാർത്തകളെ തുടര്‍ന്നാണിത്. സംഭവത്തിന് പിന്നാലെ മുപ്പത് ഒറ്റ സീറ്റർ തേജസ് വിമാനങ്ങളെ സാങ്കേതിക പരിശോധനയ്ക്കായി മാറ്റിയെന്ന റിപ്പോർട്ടും വിൽപ്പന സമ്മർദം ശക്തമാക്കി. നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചികയും നഷ്ടത്തിലായി.
എന്നാല്‍ തേജസ് വിമാനം അപകടത്തിൽ പെട്ടിട്ടില്ലെന്നാണ് എച്എഎലിന്‍റെ വിശദീകരണം. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് വിമാനത്തിനുണ്ടായ ചെറിയൊരു സാങ്കേതിക തകരാർ മാത്രമാണെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഫയലിങിൽ എച്എഎൽ വ്യക്തമാക്കി.
രാവിലെ ഓഹരിയൊന്നിന് 4,150 രൂപയിലാണ് എച്‍എഎൽ ഓഹരികൾ വ്യാപാരം ആരംഭിച്ചത്. പത്തു മണിയോടെ അപകട വാർത്ത പുറത്തു വന്നത് ഓഹരികളെ കനത്ത ഇടിവിലാക്കി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഓഹരികള്‍ 4.5 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ സ്ഥിതി അൽപം മെച്ചപ്പെടുത്തി ഓഹരിയൊന്നിന് 4,048 രൂപയെന്ന നിലയിലാണ് വ്യാപാരം. കമ്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ഓഹരി നഷ്ടം നികത്തൽ തുടങ്ങിയത്.
ഇന്ത്യൻ നിർമിത തേജസ് യുദ്ധവിമാനം അടുത്ത കാലത്തായി അപകടത്തിൽ പെടുന്ന മൂന്നാമത്തെ സംഭവമാണ് ഫെബ്രുവരി ഏഴിന് നടന്നതെന്നാണ് റിപ്പോർട്ട്. തേജസ് മാർക്ക് 1എ പതിപ്പ് വ്യോമസേനക്ക് കൈമാറേണ്ട തീയതിയും കഴിഞ്ഞു. പുതിയ സംഭവത്തോടെ വിമാനം കൈമാറൽ ഇനിയും വൈകുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ADVERTISEMENT
ഇറാൻ – യുഎസ് യുദ്ധ ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച കുതിച്ച മറ്റ് പ്രതിരോധ ഓഹരികളും ഇന്ന് ഇടിഞ്ഞു. സയന്‍റ് ഡിഎൽഎം 4 ശതമാനവും ഭാരത് ഡൈനാമിക്സ് 3.7 ശതമാനവും നഷ്ടത്തിലായി. എന്നാൽ പ്രതിരോധ ഓഹരികളിലുണ്ടായത് താൽകാലികമായ ഇടിവാണെന്നും ഘടനാപരമായ മാറ്റമാണെന്ന് കരുതാനാവില്ലെന്നുമാണ് വിദഗ്‍ധർ പറയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
ADVERTISEMENT

