സാങ്കേതികവിദ്യാ കമ്പനികളോട് ലോകരാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിവിധ ലക്ഷ്യങ്ങളോടെ സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ് 12 പ്രമുഖ കമ്പനികൾ. തങ്ങൾ നൽകുന്ന സാങ്കേതികവിദ്യയിലെ സുതാര്യത രാജ്യങ്ങളെ ബോധ്യപ്പെടുത്തുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് ലോകമെമ്പാടുമുള്ള കരുത്തരായ 12 കമ്പനികൾ ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ടെക്‌നോളജി ഭീമനായ ജിയോ പ്ലാറ്റ്‌ഫോംസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ആന്ത്രോപ്പിക് തുടങ്ങിയ കമ്പനികളാണ് മ്യൂണിക്കിൽ ‘ട്രസ്റ്റഡ് ടെക് അലയൻസ്’ (TTA) എന്ന പേരിൽ ഈ സഖ്യം പ്രഖ്യാപിച്ചത്.
What you should read next
ടെക്‌നോളജിയുടെ ‘യുഎൻ’
മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിലാണ് ‘യുണൈറ്റഡ് നേഷൻസ് ഓഫ് ടെക്’ എന്ന വിശേഷണവുമായി പുതിയ സഖ്യം രൂപീകരിച്ചത്. സാങ്കേതികവിദ്യ സുരക്ഷിതവും, സുതാര്യവും, രാജ്യഭേദമന്യേ പരമാവധി ആളുകൾക്ക് പ്രാപ്യവുമാക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഡിജിറ്റൽ പരമാധികാര പ്രഖ്യാപനം തടയുക എന്ന ലക്ഷ്യവും
വിദേശ ടെക്‌നോളജി കമ്പനികളോട്, പ്രത്യേകിച്ച് അമേരിക്കൻ ഭീമന്മാരിൽ നിന്ന് മുഖംതിരിച്ച്, പ്രാദേശിക സ്ഥാപനങ്ങൾക്ക് മുൻഗണന നൽകി പല രാജ്യങ്ങളും ‘ഡിജിറ്റൽ പരമാധികാര പ്രഖ്യാപനം’ നടത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളെ വിശ്വസിക്കാമെന്ന സന്ദേശവുമായി ഒരു ഡസൻ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. കണക്ടിവിറ്റി, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടർ, സോഫ്റ്റ്‌വെയർ, നിർമ്മിത ബുദ്ധി (AI) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഈ നീക്കത്തിന് പിന്നിൽ.
‘സ്വന്തം കാലിൽ നിൽക്കണം’ എന്ന് ഫ്രാൻസും
അമേരിക്കൻ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഡിജിറ്റൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം വിവിധ രാജ്യങ്ങളിൽ ശക്തമായത്. ഓരോ രാജ്യവും തങ്ങളുടെ ഡേറ്റയും സോഫ്റ്റ്‌വെയറും രാജ്യാതിർത്തി കടക്കുന്നത് ഒഴിവാക്കണമെന്ന നിലപാടിന് ഇന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
സഖ്യത്തിലെ പ്രധാന വാഗ്ദാനങ്ങൾ
ട്രസ്റ്റഡ് ടെക് അലയൻസിലെ (TTA) കമ്പനികൾ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് ഇവയാണ്:
സുതാര്യതയും ധാർമ്മികതയും: പ്രവർത്തനങ്ങളിൽ സുതാര്യതയും ധാർമ്മിക മൂല്യങ്ങളും ഉറപ്പാക്കും.
ADVERTISEMENT
പരിശോധനാ സൗകര്യം: തങ്ങൾ നൽകുന്ന സേവനങ്ങൾ വിദഗ്ധർക്ക് പരിശോധിച്ച് ഉറപ്പുവരുത്താൻ അവസരം നൽകും.
സുരക്ഷാ മാനദണ്ഡങ്ങൾ: വിൽക്കുന്ന ഹാർഡ്‌വെയറുകൾക്ക് ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.
നിയമവിധേയം: വിവിധ രാജ്യങ്ങളിലെ നിയമങ്ങൾക്കനുസൃതമായി മാത്രം പ്രവർത്തിക്കും.
സ്വകാര്യത: ഉപയോക്താക്കളുടെ സ്വകാര്യത എന്തുവില കൊടുത്തും സംരക്ഷിക്കും.
സഖ്യത്തിലെ 12 കമ്പനികൾ
ആന്ത്രോപ്പിക് (Anthropic)
കോഹീർ (Cohere)
മൈക്രോസോഫ്റ്റ് (Microsoft)
ഗൂഗിൾ ക്ലൗഡ് (Google Cloud)
ആമസോൺ വെബ് സർവീസസ് (AWS)
ADVERTISEMENT
റിലയൻസ് ജിയോ (Reliance Jio)
നോക്കിയ (Nokia)
എറിക്‌സൺ (Ericsson)
എൻ.ടി.ടി (NTT – ജപ്പാൻ)
സാപ്പ് (SAP – ജർമ്മനി)
ഹാൻവാ (Hanwha – ദക്ഷിണ കൊറിയ)
സാബ് (Saab – സ്വീഡൻ)
ഡിജിറ്റൽ മതിൽക്കെട്ടുകൾ അപകടകരം
രാജ്യങ്ങൾ തങ്ങൾക്കുചുറ്റും ‘ഡിജിറ്റൽ മതിൽക്കെട്ടുകൾ’ പണിയുന്നത് അപകടകരമായ നീക്കമാണെന്ന് സഖ്യം അഭിപ്രായപ്പെടുന്നു. പുതിയ സഖ്യത്തിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് വ്യക്തമാക്കി. തങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണെന്നും കമ്പനി അറിയിച്ചു.
What you should read next
വ്യോമസേനയെ നടുക്കി വീണ്ടും തേജസ് അപകടം; പോരായ്മകൾക്ക് പരിഹാരമാകുമോ മാർക്ക്-2?
ലക്ഷ്യം: രാജ്യങ്ങൾക്ക് ആത്മവിശ്വാസം പകരുക
ADVERTISEMENT
വിവിധ സാങ്കേതിക മേഖലകളിൽ പൊതുവായ ഗുണനിലവാരം ഉറപ്പാക്കുകയും, അധികാരികൾക്ക് സേവനങ്ങൾ നേരിട്ട് വിലയിരുത്താൻ അനുവാദം നൽകുകയും ചെയ്യുന്നത് വഴി രാജ്യങ്ങളിൽ ആത്മവിശ്വാസം വളർത്താനാണ് സഖ്യം ശ്രമിക്കുന്നത്. പ്രത്യേകിച്ച് AI, ക്ലൗഡ് മേഖലകളിൽ സമാന ചിന്താഗതിയുള്ള കമ്പനികൾ സഹകരിക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

