Breaking
29 Apr 2025, Tue

ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന സിരിയും എഐ ഫീച്ചറുകളും; ഐഫോണിൽ 18.2 അപ്‌ഡേറ്റ് എത്തി

പ്പിളിന്റെ ജനറ്റേറ്റീവ് എഐ അധിഷ്ഠിതമായ ആപ്പിള്‍ ഇന്റലിജന്‍സില്‍ വമ്പന്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, വിഷ്വല്‍ ഇന്റലിജന്‍സ്, ചാറ്റ് ജിപിടി പിന്തുണ, എഴുതാനുള്ള ടൂളുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടെയാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഐഒസ് 18.2, ഐപാഡ് ഒഎസ് 18.2, മാക്ക് ഒഎസ് സെക്കോയ 15.2 എന്നീ അപ്‌ഡേറ്റുകളിലാണ് പുതിയ ഫീച്ചറുകള്‍ എത്തിയിരിക്കുന്നത്.

ഐഒസ് 16 സീരിസില്‍ ആപ്പിള്‍ പ്രഖ്യാപിച്ച ജനറേറ്റീവ് എഐ അധിഷ്ടിത ഫീച്ചറുകളെ ഒന്നിച്ച് ആപ്പിള്‍ ഇന്റലിജന്‍സ് എന്നാണ് വിളിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സിലെ പ്രധാന ഫീച്ചറുകളില്‍ ഒന്നാണ് ജനറേറ്റീവ് എഐ കഴിവുകളുള്ള സിരി. കൂടുതല്‍ സ്വാഭാവികമായ സംസാരം തിരിച്ചറിയാനും സ്വാഭാവികമായ രീതിയില്‍ മറുപടികള്‍ നല്‍കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ജനറേറ്റീവ് എഐയുടെ സഹായത്തോടെ സിരിയ്ക്ക് സാധിക്കും.

ഐഒഎസ് 18 ഒഎസ് അവതരിപ്പിച്ചതിനൊപ്പം പുതിയ സിരി ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവതരിപ്പിച്ച 18.1 ല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളില്‍ ചിലത് എത്തിയെങ്കിലും സിരി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സിരി ഉള്‍പ്പടെ ആപ്പിള്‍ ഇന്റലിജന്‍സിലെ സുപ്രധാനമായ ഫീച്ചറുകള്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.

ചാറ്റ്ജിപിടി പിന്തുണയില്‍ സിരിയും എഴുത്ത് ഉപകരണങ്ങളും

ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് എഐ ടൂളായ ചാറ്റ് ജിപിടിയുടെ പിന്‍ബലത്തിലാണ് പുതിയ സിരിയുടെ പ്രവര്‍ത്തനം. സിരിയ്ക്ക് വേണ്ടി ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ സമ്മതം ചോദിക്കുമെന്ന് കമ്പനി പറഞ്ഞു.

റൈറ്റിങ് ടൂള്‍സില്‍ പുതിയ കംപോസ് ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാറ്റ് ജിപിടി ഇല്ലാതെ തന്നെ അതിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിലെ ഡാറ്റ ഓപ്പണ്‍ എഐ ശേഖരിക്കില്ലെന്നാണ് ആപ്പിള്‍ നല്‍കുന്ന ഉറപ്പ്. വരും മാസങ്ങളില്‍ സിരിയ്ക്ക് ഉപഭോക്താവിന്റെ വ്യക്തിത്വ പശ്ചാത്തലം തിരിച്ചറിയാനും ശേഷി ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു.

ഇമേജ് പ്ലേ ഗ്രൗണ്ട്

ആപ്പിളിന്റെ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ ടൂളാണിത്. വിവിധ ആവശ്യങ്ങള്‍ക്കായി എഐ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഈ ടൂള്‍ ഉപയോഗിച്ച് സാധിക്കും. ഇതിന് ആവശ്യമായ നിര്‍ദേശം എഴുതി നല്‍കിയാല്‍ മതി.

മെസേജസ് ആപ്പില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാറ്റിനിടെ ആവശ്യമായ ചിത്രങ്ങള്‍ നിര്‍മിച്ച് അയക്കാന്‍ ഇതുവഴി സാധിക്കും. ഫ്രീംഫോം, കീനോട്ട് പോലുള്ള മറ്റ് ആപ്പുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ഇമേജ് പ്ലേ ഗ്രൗണ്ടിന് പ്രത്യേകം ആപ്പും ലഭ്യമാണ്.

ജെന്‍മോജി

എഐ ഉപയോഗിച്ച് ഇമോജികള്‍ നിര്‍മിക്കാനാവുന്ന ഫീച്ചര്‍ ആണിത്. എന്ത് ഇമോജിയാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കിയാല്‍ മതി. ഇമേജ് പ്ലേഗ്രൗണ്ടിന് സമാനമാണിത്. ഫോട്ടോ ലൈബ്രറിയില്‍ നിന്ന് ആളുകളുടെ ഫോട്ടോ എടുത്ത് അതിനനുസരിച്ചുള്ള ഇമോജികളും തയ്യാറാക്കാനാവും.

നോട്ട്‌സ് ആപ്പിലെ ഇമേജ് വാന്റ്

നോട്ട്‌സ് ആപ്പില്‍ വരുന്ന എഐ ഫീച്ചറാണ് ഇമേജ് വാന്റ്. നോട്ട്‌സ് ആപ്പിനുള്ളില്‍ എഐ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ളതാണിത്. ഉദാഹരണത്തിന് നോട്ട്‌സ് ആപ്പില്‍ ഒരു ചിത്രം വരച്ചാല്‍ ആ ചിത്രത്തെ എഐയുടെ സഹായത്തോടെ മികവുറ്റതാക്കി മാറ്റാന്‍ ഈ ടൂള്‍ ഉപയോഗിച്ച് സാധിക്കും. ഇതിനായി നിങ്ങള്‍ വരച്ച ചിത്രത്തിനും ചുറ്റും ഒരു വൃത്തം വരച്ച് ഇമേജ് വാന്റ് ടൂള്‍ ഉപയോഗിച്ചാല്‍ മതി.

ചിത്രത്തിന് ചുറ്റും എഴുതിയ മറ്റ് വിവരങ്ങള്‍ പരിശോധിച്ച് അതിനനുസരിച്ചായിരിക്കും നിങ്ങള്‍ വരച്ച ചിത്രം ഒരു എഐ ഇമേജാക്കി മാറ്റുക. അനിമേഷന്‍, ഇല്ലസ്‌ട്രേഷന്‍, സ്‌കെച്ച് തുടങ്ങിയ രീതികളില്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇതിലാവും.

വിഷ്വല്‍ ഇന്റലിജന്‍സ്

ആപ്പിള്‍ ഇന്റലിജന്‍സിലെ മറ്റൊരു സുപ്രധാന ഫീച്ചറാണിത്. ക്യാമറ കണ്‍ട്രോള്‍ ബട്ടന്റെ സഹായത്തോടെ ക്യാമറയിലൂടെ കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുക, ഒരു സ്ഥാപനത്തിന്റെ ചിത്രമാണ് പകര്‍ത്തുന്നതെങ്കില്‍ ആ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുക, ഒരു ഡോക്യുമെന്റിന് നേരെയാണ് ക്യാമറ വെച്ചതെങ്കില്‍ ആ ഡോക്യുമെന്റിലെ വിവരങ്ങള്‍ കോപ്പി ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ ഫീച്ചറിന്റെ സഹായത്തോടെ ചെയ്യാനാവും.

Content retrieved from: https://www.mathrubhumi.com/technology/news/apple-ai-update-ios-18-1-ipados-macos-1.10158008.

By admin

Leave a Reply

Your email address will not be published. Required fields are marked *