ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് പരിധി പെട്ടെന്ന് തന്നെ നിറയുന്നത് പല സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും കുഴപ്പത്തിലാക്കാറുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയെല്ലാം ഈ ഒരേ സ്റ്റോറേജാണ് പങ്കിടുന്നത് എന്നതിനാൽ ഫോട്ടോകളുടെ എണ്ണം കൂടുമ്പോൾ സ്റ്റോറേജ് പെട്ടെന്ന് തീരുന്നു. എന്നാൽ ലളിതമായ ചില വഴികളിലൂടെ നമുക്ക് ഈ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാനും അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനും സാധിക്കും.
ടെക്‌നോളജിയുടെ ‘യുഎൻ’: ജിയോയും മൈക്രോസോഫ്റ്റും ഗൂഗിളും അടക്കം 12 കമ്പനികളുടെ സഖ്യം എന്തിന്?
ഗൂഗിൾ ഫോട്ടോസിലെ തന്നെ ‘മാനേജ് സ്റ്റോറേജ്’ (Manage Storage) എന്ന ടൂൾ ഉപയോഗിക്കുകയാണ് ആദ്യത്തെ വഴി. ആപ്പിലെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോസ് സെറ്റിങ്‌സ് എടുത്താൽ ഈ ഓപ്ഷൻ കാണാം. ഇവിടെ വളരെ വലിയ ഫയലുകൾ (Large Files), ബ്ലർ ആയ ഫോട്ടോകൾ, സ്‌ക്രീൻഷോട്ടുകൾ എന്നിവ ഗൂഗിൾ തന്നെ തരംതിരിച്ചു കാണിച്ചുതരും. ഇതിലൂടെ ആവശ്യമില്ലാത്തവ മാത്രം നോക്കി ഡിലീറ്റ് ചെയ്യുന്നത് വഴി ജിബി കണക്കിന് സ്ഥലം ലാഭിക്കാം.
ഫോട്ടോകളുടെ ക്വാളിറ്റിയിൽ ചെറിയ മാറ്റം വരുത്തി സ്റ്റോറേജ് ലാഭിക്കുന്നതാണ് രണ്ടാമത്തെ രീതി. ‘ഒറിജിനൽ ക്വാളിറ്റി’യിൽ ഫോട്ടോകൾ ബാക്കപ്പ് ചെയ്യുന്നത് വേഗത്തിൽ സ്ഥലം നിറയാൻ കാരണമാകും. ഇതിനുപകരം ‘സ്റ്റോറേജ് സേവർ’ (Storage Saver) മോഡിലേക്ക് ബാക്കപ്പ് സെറ്റിങ്‌സ് മാറ്റുക. ഇത് ചിത്രങ്ങളുടെ മിഴിവിൽ കാര്യമായ മാറ്റം വരുത്താതെ തന്നെ ഫയൽ സൈസ് കുറയ്ക്കുകയും കൂടുതൽ ഫോട്ടോകൾ സേവ് ചെയ്യാൻ സഹായിക്കുകയും ചെയ്യും.
ADVERTISEMENT
മൂന്നാമത്തെ എളുപ്പവഴി വാട്സാപ്പ് പോലുള്ള മെസ്സേജിങ് ആപ്പുകളിൽ നിന്നുള്ള ബാക്കപ്പുകൾ നിയന്ത്രിക്കുക എന്നതാണ്. വാട്സാപ്പിൽ വരുന്ന ഗുഡ് മോർണിംഗ് മെസ്സേജുകളും വീഡിയോകളും ഓട്ടോമാറ്റിക്കായി ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്കപ്പ് ആകുന്നത് സ്റ്റോറേജ് നിറയാൻ പ്രധാന കാരണമാണ്. ഗൂഗിൾ ഫോട്ടോസ് സെറ്റിങ്‌സിൽ ‘ബാക്കപ്പ് ഡിവൈസ് ഫോൾഡേഴ്സ്’ (Backup device folders) എടുത്ത് വാട്സാപ്പ് ഇമേജസ് പോലുള്ള ആവശ്യമില്ലാത്ത ഫോൾഡറുകൾ ഓഫ് ചെയ്തു വെക്കാവുന്നതാണ്.
ഇതുകൂടാതെ, ഗൂഗിൾ ഡ്രൈവിലും ജിമെയിലിലും ഉള്ള വലിയ ഫയലുകളും അനാവശ്യ ഇമെയിലുകളും നീക്കം ചെയ്യുന്നതും മൊത്തത്തിലുള്ള സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഗൂഗിൾ വൺ (Google One) വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങളുടെ സ്റ്റോറേജ് എവിടെയാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാം. ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ പണം നൽകി അധിക സ്റ്റോറേജ് വാങ്ങാതെ തന്നെ ഫോൺ മെമ്മറി സ്മാർട്ടായി കൈകാര്യം ചെയ്യാം.
ADVERTISEMENT

