പുൽത്തകിടി വെട്ടുക, വളർത്തുമൃഗങ്ങളെ പരിചരിക്കുക, കടയിൽ പോയി സാധനങ്ങൾ വാങ്ങുക എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്ത് മടുത്തോ? അതിനായി ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് തയ്യാറായി കഴിഞ്ഞു. റോബോട്ട് വികസിപ്പിക്കുന്നതിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചതോടെ, ഇത്തരം ദൈനംദിന ജോലികൾ ഇനി ഒരു റോബോട്ടിന് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.
കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടിന്റെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. ടെസ്‌ല ഒപ്റ്റിമസ് എക്സിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മറിഞ്ഞ് വീഴാൻ പോകുന്ന റോബോട്ട് തനിയെ ബാലൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാനാകും. റോബോട്ട് ചവറുകൾ കൊണ്ട് മൂടിയ കുന്നുകളിൽ കയറുന്നതും നടക്കാൻ പ്രയാസമുള്ള ഭൂപ്രദേശങ്ങളിൽ മനുഷ്യൻ്റെ ഇടപെടലില്ലാതെ സഞ്ചരിക്കുന്നതും കാണാനാകും. നിരവധി തവണ, വീഴുന്നതിന്റെ വക്കില്‍ എത്തുന്നു, എന്നാൽ ബാലന്‍സ് വീണ്ടെടുക്കാനും മുന്നോട്ട് പോകാനും റോബോട്ടിന് സാധിക്കുന്നുണ്ട്.
വിപുലമായ ന്യൂറൽ നെറ്റ്‌വർക്കുകളിലൂടെയാണ് ഇവയുടെ ഇത്തരം ചലനം സുഗമമാകുന്നത്. ഇവ അവയവങ്ങളെ കൃത്യമായ നിയന്ത്രണത്തിലാക്കാൻ സാധിക്കുന്നു. വിഷ്വൽ ഫീഡ്‌ബാക്കിനായി ക്യാമറകൾ ഉപയോഗിക്കാതെയാണ് ഇവയുടെ ഇത്തരം ചലനങ്ങൾ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. റോബോട്ട് അതിൻ്റെ എംബഡഡ് കംപ്യൂട്ടറിൽ വെറും രണ്ടോ മൂന്നോ മില്ലിസെക്കൻഡിൽ പ്രവർത്തിക്കുന്ന ഒരു ന്യൂറൽ നെറ്റ്‌വർക്ക് പ്രോസസ്സ് ചെയ്ത ഓൺബോർഡ് സെൻസറുകളെ ആശ്രയിച്ചാണ് ഇത്തരം ചലനങ്ങൾ എളുപ്പമാക്കുന്നത്. ഇവയുടെ ബാലൻസ് ചെയ്യാനുള്ള കഴിവ് റോബോട്ടിനെ രൂപപ്പെടുത്തുന്നതിലെ ഒരു കുതിച്ചുചാട്ടമായി കണകാക്കുന്നുവെന്ന് ടെസ്‌ലയുടെ ഒപ്റ്റിമസിൻ്റെ തലവനായ മിലാൻ കോവാക് പറഞ്ഞു.
വരും നാളുകളിൽ ഒരു വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാകുന്ന ഒരു ഉൽപ്പന്നമായി ഒപ്റ്റിമസിനെ കാണുന്നുവന്ന് എലോൺ മസ്‌ക്ക് പറഞ്ഞു. ടെസ്‌ല അതിൻ്റെ ഫാക്ടറികളിൽ 2025 അവസാനത്തോടെ പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പുകൾ പൂർണ തോതിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നു, 2026-ഓടെ നിർമാണ യൂണിറ്റുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷത്തോടെ 1,000 റോബോട്ടുകളെ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഒപ്റ്റിമസ് റോബോട്ടുകളുടെ വ്യാവസായിക നിർമാണം ആരംഭിക്കന്നതോടെ ടെസ്‌ലയുടെ ആസ്തി 25 ട്രില്യൺ ഡോളറായി വർധിപ്പിക്കാനാണ് എലോൺ മസ്‌ക്ക് ലക്ഷ്യമിടുന്നത്.
Content retrieved from: https://www.thefourthnews.in/technology/tesla-robot-learns-to-stumble-like-human-in-viral-video#google_vignette.