ന്യൂഡൽഹി/ലണ്ടൻ∙ ബ്രിട്ടിഷ് വ്യോമസേനയിലെ ഫൈറ്റർ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ ഇൻസ്ട്രക്ടർമാരെ യുകെയിലേക്ക് അയക്കുന്നു. ചരിത്രത്തിലാദ്യമായാണ് റോയൽ എയർഫോഴ്സിലെ ഭാവി യുദ്ധവിമാന പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന പത്തൊൻപതാമത് ഇന്ത്യ-യുകെ എയർ സ്റ്റാഫ് ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്.
What you should read next
എപ്സ്റ്റീന്റെ മരണം കൊലപാതകം?; വെളിപ്പെടുത്തലുമായി പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ ഡോക്ടർ
ബ്രിട്ടനിലെ ആംഗ്ലിസിയിലുള്ള ‘റോയൽ എയർഫോഴ്സ് വാലി’ കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യൻ ഇൻസ്ട്രക്ടർമാർ സേവനമനുഷ്ഠിക്കുക. റോയൽ എയർഫോഴ്സിന്റെ നാലാം നമ്പർ ഫ്ലൈയിങ് ട്രെയിനിങ് സ്കൂൾ സ്ഥിതിചെയ്യുന്ന ഇവിടെയാണ് ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35ബി ലൈറ്റ്നിങ്, ടൈഫൂൺ എന്നിവ പറപ്പിക്കാനുള്ള പൈലറ്റുമാർക്ക് പരിശീലനം നൽകുന്നത്.
മൂന്ന് യോഗ്യതയുള്ള ഫ്ലൈറ്റ് ഇൻസ്ട്രക്ടർമാരെയാണ് (Qualified Flight Instructors – QFI) ഇന്ത്യ ആദ്യഘട്ടത്തിൽ അയക്കുന്നത്. രണ്ട് വർഷത്തേക്കാണ് ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇവർ ഇന്ത്യൻ വ്യോമസേനയുടെ കമാൻഡിന് കീഴിലായിരിക്കും പ്രവർത്തിക്കുകയെങ്കിലും ബ്രിട്ടിഷ് കമാൻഡർമാരുമായി സഹകരിച്ചായിരിക്കും പരിശീലന ചുമതലകൾ നിർവഹിക്കുക. പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ബിഎഇ ഹോക്ക് ടി2, ടെക്സാൻ ടി1 എന്നീ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ലൈസൻസോടെ നിർമിക്കുന്ന ‘ഹോക്ക്’ വിമാനങ്ങൾ തന്നെയാണ് ഇന്ത്യൻ വ്യോമസേനയുടെയും പ്രധാന പരിശീലന വിമാനം എന്നത് ഈ സഹകരണം എളുപ്പമാക്കുന്നു.
ഈ കരാറോടെ ബ്രിട്ടനിലെ മൂന്ന് സുപ്രധാന സൈനിക അക്കാദമികളിലും ഇന്ത്യൻ സാന്നിധ്യം ഉറപ്പായിരിക്കുകയാണ്. ഇത് ഇന്ത്യ-യുകെ പ്രതിരോധ ബന്ധത്തിലെ ഒരു അപൂർവ നേട്ടമാണ്.
ADVERTISEMENT
നാവികസേനയിൽ 2024 മേയ് മുതൽ ബ്രിട്ടാനിയ റോയൽ നേവൽ കോളജ് ഡാർട്ട്മൗത്തിൽ ഇന്ത്യൻ നേവി ഓഫിസർ പരിശീലകനായി സേവനമനുഷ്ഠിക്കുന്നുണ്ട്. കരസേനയിൽ 2025 മെയ് മുതൽ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹേർസ്റ്റിൽ ഇന്ത്യൻ ആർമി ഓഫിസറെ ഇൻസ്ട്രക്ടറായി നിയമിച്ചിട്ടുണ്ട്. അതേപോലെ ഇപ്പോൾ വ്യോമസേനയിലും ആർഎഎഫ് വാലിയിലേക്ക് എയർഫോഴ്സ് ഇൻസ്ട്രക്ടർമാരെയും അയക്കുന്നതോടെ പ്രതിരോധ മേഖലയിലെ സമഗ്രമായ സഹകരണമാണ് പൂർത്തിയാകുന്നത്.
ബ്രിട്ടിഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ വ്യോമസേനയുടെ മികവിനും നൈപുണ്യത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണ്. റഷ്യൻ, പാശ്ചാത്യ സാങ്കേതികവിദ്യയിലുള്ള വിമാനങ്ങൾ ഒരേപോലെ കൈകാര്യം ചെയ്യാനുള്ള ഇന്ത്യൻ പൈലറ്റുമാരുടെ കഴിവിനെ ലോകം ഉറ്റുനോക്കുന്നു
ബ്രിട്ടനിലേക്ക് അയക്കുന്ന മൂന്ന് പരിശീലകരെയും തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ വ്യോമസേനയുടെ കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നതും യുകെ പ്രതിരോധ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്നതുമായ ഉന്നത ഉദ്യോഗസ്ഥരിൽ കേരളത്തിന്റെ സ്വന്തം വ്യക്തിത്വങ്ങളുണ്ട്.
ADVERTISEMENT
ഈ ചരിത്രപരമായ സൈനിക സഹകരണം യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ മലയാളിയാണ് എയർ മാർഷൽ മണികണ്ഠൻ. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ സതേൺ എയർ കമാൻഡ് എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന മണികണ്ഠൻ ഒരു മികച്ച ഫൈറ്റർ പൈലറ്റും ഇൻസ്ട്രക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഹോക്ക് (Hawk), മിഗ്-21 (MiG-21) തുടങ്ങിയ യുദ്ധവിമാനങ്ങളിൽ ആയിരക്കണക്കിന് മണിക്കൂർ പറക്കൽ പരിചയമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പരിശീലന ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കപ്പെടുന്നത്.
യുകെയിലെ ‘ആർ.എ.എഫ് വാലി’യിലേക്ക് അയക്കുന്ന മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ മലയാളിയായ വിങ് കമാൻഡർ റാങ്കിലുള്ള ഓഫിസർ ആയിരിക്കുമെന്നാണ് സൂചനകൾ. വ്യോമസേനയുടെ പരിശീലന വിമാനമായ ‘ഹോക്ക്’ പ്രവർത്തിപ്പിക്കുന്നതിൽ ദീർഘകാലത്തെ അനുഭവപരിചയമുള്ള മലയാളി ഓഫിസർമാരെയാണ് ഈ ദൗത്യത്തിനായി പരിഗണിക്കുന്നത്.
ADVERTISEMENT

