Breaking
24 Feb 2026, Tue

“മദ്യം വീട്ടിലെത്തും” സർക്കാരിന്റെ സഞ്ചരിക്കുന്ന ബാർ നിരത്തിലിറങ്ങിയോ? സത്യമെന്ത്? | Fact Check

ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനാത്മക പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാലിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

എന്റെ വോട്ട് മൂന്നാം പിണറായി സർക്കാരിന്…അറിഞ്ഞില്ല കണ്ടില്ല എന്ന് പറയരുത്. കേരളത്തിലെ കുടിയൻമാരുടെ നീറുന്ന പ്രശ്നത്തിന് ഒരു പരിഹാരം.. സർക്കാർ ജനങ്ങളോടൊപ്പം..കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് ആരാണ് പറഞ്ഞത്..സഞ്ചരിക്കുന്ന ബാർ നിലവിൽ വന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ADVERTISEMENT

കീവേർഡുകളുടെ പരിശോധനയിൽ സമാന പ്രചാരണം മുൻപും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. വൈറൽ സ്ക്രീൻഷോട്ട് റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ മനോരമ ന്യൂസ് 2023 ഏപ്രിൽ 28ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ലഭ്യമായി. “ലോറിയിൽ സഞ്ചരിക്കുന്ന ബാർ; യുവാവ് എക്സൈസ് പിടിയിൽ” എന്ന തലക്കെട്ടിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഡിയോ കാണാം

അനുമതിയില്ലാതെ ഒരാൾ അനധികൃതമായി നിർമിച്ച സഞ്ചരിക്കുന്ന ബാറാണ് ഇതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. ഇത് 2023–ലെ സംഭവമാണ്. സമാന പ്രചാരണം മുൻപ് നടന്നപ്പോൾ അന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ ഓഫീസ് വൃത്തങ്ങളുമായി ഞങ്ങൾ സംസാരിച്ചിരുന്നു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് അവർ വ്യക്തമാക്കിയത്.

2023–ൽ തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്നയാൾ പ്രത്യേകം രൂപകൽപന ചെയ്ത വാഹനവുമായി നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിൽപ്പന നടത്തിയതിന് അറസ്റ്റിലായിരുന്നു. ഇയാൾ വാഹനത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നതിന്റെ തെളിവു സഹിതമുള്ള ദൃശ്യങ്ങൾ എക്സൈസ് വിഭാഗത്തിന് ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതിൽ നിന്ന് പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് സൗത്ത് സോൺ എക്സൈസ് ജോയിന്റ് കമ്മീഷണറുമായും ഞങ്ങൾ സംസാരിച്ചു. 2023 ഏപ്രിൽ 23–നാണ് സംഭവം നടന്നതെന്നും അബ്‌കാരി നിയമത്തിന് വിരുദ്ധമായി നിയമപരമായ പെർമിറ്റോ മറ്റ് സാധുവായ രേഖകളോ ഇല്ലാതെ അനധികൃത മദ്യം സൂക്ഷിച്ചു വച്ചതിനും, വിദേശ മദ്യം കൈവശം വച്ച കുറ്റത്തിനും നിയമവിരുദ്ധമായി മദ്യത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനുമുള്ള വകുപ്പുകൾ ഉൾപ്പടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകളും പിടിച്ചെടുത്ത വാഹനത്തിന്റെ ചിത്രങ്ങളുമുൾപ്പെട്ട എഫ്ഐആറും ഞങ്ങൾക്കു ലഭിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വാസ്‌തവം

ADVERTISEMENT

പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023 ഏപ്രിൽ 26ന് എക്സൈസ് അറസ്റ്റ് ചെയ്‌ത തിരുവനന്തപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്ന വ്യക്തി അനധികൃതമായി നിർമിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *