മുംബൈ ∙ മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ, പാൽഘർ മലമേഖലയിലെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. 454 മീറ്റർ നീളവും 14.4 മീറ്റർ വീതിയുമുള്ള തുരങ്കമാണു പൂർത്തിയായത്. ഓസ്ട്രേലിയൻ ടണലിങ് സാങ്കേതികവിദ്യയാണു തുരങ്കനിർമാണത്തിനായി ഉപയോഗിച്ചത്. അതോടെ, സംസ്ഥാനത്തു കുന്നുകൾക്കടിയിലൂടെയുള്ള 3 തുരങ്കങ്ങളുടെ നിർമാണം അവസാനിച്ചു. ഇന്നലെ രാവിലെ 11.30നു തുരങ്കനിർമാണം പൂർത്തിയാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഓൺലൈനായി പങ്കെടുത്തു.
മുംബൈയിലെ ടെർമിനസായ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) തുരങ്കത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായിരുന്നു. അതു നൂറടി താഴ്ചയിലാണു നിർമിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ആഴമേറിയ സ്റ്റേഷനുകളിലൊന്നാകുമിത്. ബികെസി മുതൽ താനെയിലെ ശിൽഫാട്ട വരെയുള്ള 21 കിലോമീറ്റർ തുരങ്കപ്പാതയാണത്. അതിൽ 7 കിലോമീറ്റർ തുരങ്കം കടലിലൂടെയാണ്. ബികെസിയിൽ നിന്നാരംഭിക്കുന്ന തുരങ്കം വിക്രോളി, ഘൺസോളി മേഖലകളിലൂടെയാണു കടന്നുപോകുന്നത്.
1.8 ലക്ഷം കോടിക്ക് 508 കിലോമീറ്റർ
508 കിലോമീറ്ററാണു മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത. ജപ്പാൻ സർക്കാരിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 1.8 ലക്ഷം കോടി രൂപയാണ്. 12 സ്റ്റേഷനുകളാണു പാതയിലുള്ളത്. പ്രധാന ടെർമിനസുകൾ ബികെസിയിലും അഹമ്മദാബാദിലുമാണ്. താനെ, വിരാർ, ബോയ്സർ എന്നിവയാണു മഹാരാഷ്ട്രയിലെ സ്റ്റേഷനുകൾ.
ഗുജറാത്തിൽ വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണു സ്റ്റേഷനുകൾ. മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കു 2 മണിക്കൂറിൽ എത്താവുന്ന ലിമിറ്റഡ് സ്റ്റോപ് ബുള്ളറ്റ് ട്രെയിനുകളും സർവീസ് നടത്തും. എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന ബുള്ളറ്റ് ട്രെയിനുകളുടെ യാത്രാസമയം 2.45 മണിക്കൂറാണ്.
ADVERTISEMENT
ഗുജറാത്തിൽ അതിവേഗം
ഗുജറാത്തിൽ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. 337 കിലോമീറ്റർ വയഡക്ടുകൾ സ്ഥാപിക്കുകയും നദികൾക്കു മുകളിലൂടെ 17 പാലങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ട്രാക്ക് സ്ഥാപിക്കലും വൈദ്യുതീകരണ ജോലികളും നടത്തുന്നുണ്ട്.
∙ അടുത്ത വർഷം ഓഗസ്റ്റ് 15നു പദ്ധതിയുടെ ആദ്യഘട്ടം തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബിലിമോറയ്ക്കും സൂറത്തിനുമിടെയുള്ള ഭാഗമായിരിക്കും ആദ്യം തുറക്കുക. വിവിധ ഘട്ടങ്ങളായി 2029നു മുൻപ് പദ്ധതി പൂർണ സജ്ജമാകുന്ന വിധത്തിലാണു നിർമാണം നടത്തുന്നത്. ഏറ്റവും അവസാനഘട്ടത്തിലാകും ബികെസി സ്റ്റേഷൻ പ്രവർത്തനം തുടങ്ങുക.
ADVERTISEMENT
ബികെസിയിൽ 3 ഭൂഗർഭ നിലകളിലായാണു ടെർമിനസ് നിർമിക്കുന്നത്. തറനിരപ്പിലുള്ള നിലയിലൂടെ സ്റ്റേഷനിലേക്കു പ്രവേശിക്കാം. തൊട്ടുതാഴെയുള്ള നിലയിൽ നിന്നായിരിക്കും ട്രെയിൻ സർവീസ്. അതിനു താഴെയുള്ള നിലയിൽ ട്രെയിനുകൾക്കുള്ള പാർക്കിങ് സൗകര്യമാണ് ഒരുക്കുക.

