കോട്ടയം ∙ ജഡ്ജിയുടെ സംഭാഷണം രഹസ്യമായി മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തതിനു സസ്പെൻഷനിലായ ഇടതു സംഘടനാ നേതാവ് കൂടിയായ കോടതി ജീവനക്കാരിയെ തിരിച്ചെടുത്തു. കോട്ടയം വിജിലൻസ് കോടതിയിലെ സിലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരിക്കെ സസ്പെൻഷനിലായ ഉദ്യോഗസ്ഥയെ വിജിലൻസിന്റെ കോഴിക്കോട് ട്രൈബ്യൂണൽ ഓഫിസിലാണു നിയമിച്ചത്.
അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ സൂക്ഷിക്കുന്ന കോടതി ഓഫിസുകളിൽ ഇവരെ വീണ്ടും നിയമിക്കാനുള്ള ഉത്തരവിൽ ജഡ്ജിമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്ന ഓഫിസാണു ട്രൈബ്യൂണൽ.
കോട്ടയം വിജിലൻസ് ജഡ്ജിയുടെ സംഭാഷണം ഫോണിൽ റിക്കോർഡ് ചെയ്തതിനു കഴിഞ്ഞ ഓഗസ്റ്റ് 25ന് ആണ് ഇവരെ സസ്പെൻഡ് ചെയ്തത്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ ഇവരെ കുറ്റപത്രം നൽകുന്നതിനു മുൻപുതന്നെ തിരിച്ചെടുക്കുന്നതിനു സർക്കാർ ഉത്തരവിട്ടതും വിവാദമായിരുന്നു.
പിന്നീടു വിജിലൻസ് കുറ്റപത്രം നൽകി. വിശദീകരണം ലഭിച്ചതോടെയാണു തിരിച്ചെടുക്കാൻ തീരുമാനിച്ചത്. വകുപ്പുതല അന്വേഷണം തുടരും. ജോലി കൃത്യതയോടെ ചെയ്യാനാണു സംഭാഷണം റിക്കോർഡ് ചെയ്തതെന്നാണു ജീവനക്കാരിയുടെ വാദം
ADVERTISEMENT

