മൊബൈൽ ടവറുകളോ സാധാരണ സെല്ലുലാർ നെറ്റ്‌വർക്കുകളോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും ആളുകൾക്ക് തടസ്സമില്ലാതെ കണക്റ്റിവിറ്റി ഉറപ്പാക്കാൻ പുതിയ സാറ്റലൈറ്റ് ഫോൺ വിപണിയിൽ അവതരിപ്പിച്ച് ബിഎസ്എൻഎൽ. നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് ഫോണിന്റെ വില വരുന്നത്.മൊബൈൽ ടവറുകൾക്ക് പകരം ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ നേരിട്ട് ആശ്രയിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. പരമ്പരാഗത മൊബൈൽ നെറ്റ്‌വർക്കുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഓഫ്ഗ്രി, ഡ് ലൊക്കേഷനുകളിലും വിശ്വസ്തതയോടെ ഉപയോഗിക്കാൻ പറ്റിയ മികച്ച ആശയവിനിമയ മാർഗ്ഗമാണിത്. ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളായ ഇൻമാർസാറ്റുമായി (Inmarsat) പങ്കാളിത്തത്തിലാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആർക്കൊക്കെ ഉപയോഗിക്കാം; എങ്ങനെ വാങ്ങാം? പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമല്ലാത്ത പ്രതികൂല സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ തക്കവണ്ണമാണ് ഈ സാറ്റലൈറ്റ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിരോധ വകുപ്പ് (Defence), കടൽമാർഗമുള്ള പ്രവർത്തനങ്ങൾ (Maritime), ദുരന്ത നിവാരണ സേനകൾ (Disaster Response), ഖനനം (Mining), ഉൾപ്രദേശങ്ങളിലെ പ്രൊജക്റ്റുകൾ, സാഹസിക യാത്രകൾ എന്നിവയ്ക്ക് ഈ ഫോൺ ഏറെ പ്രയോജനം ചെയ്യും. എവിടെനിന്നും വോയ്‌സ് കോളുകൾ ചെയ്യാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങളിലെ മികച്ച സപ്പോർട്ട്, ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. എന്നാൽ, സാധാരണ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നത് പോലെ ആർക്കും വിപണിയിൽ നിന്ന് ഇത് നേരിട്ട് വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ, ഇത് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുൻപായി കേന്ദ്ര ടെലികോം വകുപ്പിന്റെ (DoT) പ്രത്യേക അനുമതി പത്രം കൈപ്പറ്റേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം tier-1 നെറ്റ്‌വർക്ക് സുരക്ഷ ഉറപ്പാക്കുന്ന ഈ സാറ്റലൈറ്റ് ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9465101323 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അതല്ലെങ്കിൽ ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിച്ചും ഇതിനായുള്ള ബുക്കിങ് നടപടികളെക്കുറിച്ചും അനുമതി പത്രത്തിനായുള്ള അപേക്ഷാ രീതികളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ബിഎസ്എൻഎൽ ഫോൺ, 3500 മുതൽ റിചാർജ് പ്ലാൻ; സാറ്റലൈറ്റ് വമ്പന്റെ വിശേഷങ്ങൾ

