Breaking
21 Apr 2026, Tue

അഴീക്കോട് – മുനമ്പം പാലം: മുനമ്പം ഭാഗം പൈൽ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായി

കൊടുങ്ങല്ലൂർ ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിന്റെ മുനമ്പം ഭാഗത്തെ പൈൽ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായി. ലാൻ‌ഡ് സ്പാൻ, പിയർ, പിയർ ക്യാംപ്, സ്ട്രക്ചർ, സബ് സ്ട്രക്ചർ പ്രവൃത്തികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. മുനമ്പം ഭാഗത്തു വ്യക്തിയുടെ കെട്ടിടം നിലനിൽക്കുന്ന ഭൂമി സംബന്ധിച്ചു തർക്കം നിലനിന്നിരുന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കാലതാമസം നേരിട്ടു.

അഴീക്കോട് – മുനമ്പം പാലത്തിന്റെ അഴീക്കോട് ഭാഗത്തു പുഴയിൽ അഞ്ചാമത്തെ സ്പാനുകളും ഓട്ടോ ലോഞ്ചിങ് രീതിയിൽ ഘടിപ്പിച്ചപ്പോൾ.

തുടർന്നു ഹൈക്കോടതിയിൽ സർക്കാരിനു അനുകൂലമായ വിധി ലഭിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കുന്നതും നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതും.അഴീക്കോട് ഭാഗത്തെ 70 ശതമാനം നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടും മുനമ്പത്തെ പ്രവൃത്തികൾ‌ തുടങ്ങാൻ വൈകിയതു ആശങ്ക ഉയർത്തിയിരുന്നു. പുഴയിലും കരയിലും ആയി 200 പൈലുകളിൽ മുനമ്പം ഭാഗത്തു ബാക്കിയുണ്ടായിരുന്ന നാലെണ്ണം പൂർത്തിയായി. മുനമ്പം ഭാഗത്തോടു ചേർന്നു പുഴയിലെ പ്രവൃത്തികളും ഉൗർജിതമാക്കി.

അഴീക്കോട് – മുനമ്പം പാലത്തിന്റെ മുനമ്പം ഭാഗത്തെ പ്രവൃത്തികൾ പുരോഗമിക്കുന്നു.

അഴീക്കോട് ഭാഗത്തു സെഗ്മെന്റ് സ്പാനുകൾ ഘടിപ്പിക്കുന്ന പ്രവൃത്തികൾ അഞ്ചിടത്ത് പൂർത്തിയായി. അഞ്ചാമത്തെ സ്പാനുകളിലെ 18 ഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഘടിപ്പിച്ചു കഴിഞ്ഞു. മുൻപ് തൂണുകൾക്കു മീതെ കോൺക്രീറ്റ് ചെയ്താണു സ്പാനുകൾ തയാറാക്കിയിരുന്നത്. പുതിയ സാങ്കേതിക വിദ്യയിൽ മറ്റൊരിടത്തു നിർമിച്ചു നിർദിഷ്ട പാലത്തിൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. 2023 നവംബർ 13 നാണ് അഴീക്കോട് – മുനമ്പം പാലം നിർമാണം തുടങ്ങിയത്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനി ആണ് പാലത്തിന്റെ നിർമാണം.

By admin

Leave a Reply

Your email address will not be published. Required fields are marked *